10:10am 25 September 2026
NEWS
ശബരിമല നെയ്യ് വിവാദം: വ്യക്തിപരമായ ക്രിമിനൽ കുറ്റമില്ലെന്ന് ഹൈക്കോടതി: തിരുത്തൽ നടപടികൾക്ക് ഉത്തരവ്


25/09/2026  08:26 AM IST
നിയമകാര്യ ലേഖകൻ
ശബരിമല നെയ്യ് വിവാദം: വ്യക്തിപരമായ ക്രിമിനൽ കുറ്റമില്ലെന്ന് ഹൈക്കോടതി: തിരുത്തൽ നടപടികൾക്ക് ഉത്തരവ്

കൊച്ചി: ശബരിമലയിൽ മണ്ഡല-മകരവിളക്ക് സീസണിൽ അധികാരികൾക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. 17.14 ലക്ഷം രൂപയുടെ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട നഷ്ടത്തിൽ വ്യക്തിപരമായി ക്രിമിനൽ ബാധ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ നിരീക്ഷണം.
​ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൗണ്ടർ ജീവനക്കാർ, പാക്കിംഗ് കരാറുകാർ, സ്പെഷ്യൽ ഓഫീസർമാർ അല്ലെങ്കിൽ എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ ഭാഗത്തുനിന്ന് മനഃപൂർവ്വമായ തിരിമറിയോ ക്രിമിനൽ ഗൂഢാലോചനയോ നടന്നതായി തെളിയിക്കാൻ തക്കതായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.ക്രിമിനൽ കുറ്റം കണ്ടെത്താനായില്ലെങ്കിലും നെയ്യുടെ ഉത്പാദനം, സൂക്ഷിപ്പ്, വിതരണം, വിൽപ്പന എന്നിവയിൽ ഗുരുതരമായ ഭരണപരമായ വീഴ്ചകൾ സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. പരിചയസമ്പന്നരല്ലാത്ത പുതിയ ജീവനക്കാരെ പ്രധാന ചുമതലകളിൽ നിയമിച്ചതിലും സ്റ്റോക്ക് രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കാത്തതിലും കോടതി വിമർശനം ഉന്നയിച്ചു.
​ക്രിമിനൽ കേസ് ഇല്ലെങ്കിലും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടപ്പെട്ട തുക ഈടാക്കാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി അനുമതി നൽകി.
​സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP): ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന സമഗ്രമായ എസ്‌.ഒ.പി (SOP) മൂന്ന് ആഴ്ചയ്ക്കകം തയ്യാറാക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. ഇതിൽ ഡിജിറ്റൽ ട്രാക്കിംഗും കൃത്യമായ സ്റ്റോക്ക് പരിശോധനയും ഉൾപ്പെടുത്തണം.
​ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഭരണപരമായ കാര്യങ്ങൾക്കും മാനേജേറിയൽ വിദഗ്ദ്ധരെയും ഐ.ഐ.എം (IIM) പോലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകാൻ കോടതി നിർദ്ദേശിച്ചു.
​കേസ് പരിഗണിക്കുന്നത് 2026 ഒക്ടോബർ 23-ലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img